English| മലയാളം

ചരിത്രം

നീലേശ്വരത്തിന്റെ സാംസ്കാരിക ചരിത്രം ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ടോടുകൂടിയേ വ്യക്തമാകുന്നുള്ളു. ഈ കാലയളവില്‍ നീലേശ്വരവും പരിസരപ്രദേശങ്ങളും രണ്ടാം ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. നീല മഹര്‍ഷി തപസ്സിരുന്ന സ്ഥലമായിരുന്നതിനാല്‍ നീലേശ്വരം എന്ന പേര്‍ വന്നു എന്നൊരു ഐതിഹ്യമുണ്ട്. ഈ പ്രദേശത്തെ പ്രസിദ്ധമായ തളി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ നീല കണ്ഠേശ്വരനില്‍ (ശിവന്‍) നിന്ന് നീല കണ്ഠേശ്വരം എന്ന സ്ഥലനാമം ഉരുത്തിരിഞ്ഞ് നീലേശ്വരമായി രൂപാന്തരപ്പെട്ടതാണെന്നും പറയപ്പെടുന്നു. നീലേശ്വരത്തിന്റെ സാംസ്കാരിക ചരിത്രം നീലേശ്വരം രാജവംശത്തിന്റെ സാംസ്കാരിക പൈതൃകവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നു. കോലത്തിരി രാജവംശത്തിന്റെയും സാമൂതിരി രാജവംശത്തിന്റെയും സങ്കലനമാണ് നീലേശ്വരം രാജവംശം. കോലത്തിരി രാജവംശത്തിലെ അഭ്യാസ നിപുണനായ ഒരു രാജകുമാരന്‍ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം സാമൂതിരിയുടെ കൊട്ടാരത്തിലെത്തിയപ്പോള്‍ സാമൂതിരി രാജാവിന്റെ മരുമകളുമായി അനുരാഗത്തിലാവുകയും ഇതറിഞ്ഞ സാമൂതിരി കോലത്തിരിയുമായുള്ള രാഷ്ട്രീയ ചങ്ങാത്തം അവസാനിപ്പിച്ച് സൈനികാക്രമണം തുടങ്ങുകയും ചെയ്തു. നവദമ്പതിമാരോട് സാമൂതിരിക്കുള്ള ശത്രുത മനസ്സിലാക്കിയ കോലത്തിരി തന്റെ അധീനതയിലുള്ള കോലത്തു നാടിന്റെ വടക്കേ അറ്റത്ത് നീലേശ്വരം ആസ്ഥാനമായുള്ള ഗ്രാമങ്ങള്‍ ഇവര്‍ക്ക് നല്‍കി മൂവായിരം പടയാളികളെ സംരക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തു. നീലേശ്വരം രാജവംശത്തിന്റെ ചരിത്രം ഇവിടെ നിന്ന് ആരംഭിക്കുന്നു. കോഴിക്കോട് തളിയില്‍ ശിവ ക്ഷേത്രത്തില്‍ ആരാധന നടത്തി ശീലിച്ച രാജകുമാരിക്കുവേണ്ടി ആചാരാനുഷ്ഠാനങ്ങളുമായി നീലേശ്വരം തളിയില്‍ ശിവക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു. വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ കര്‍ണ്ണാടകത്തില്‍ ഇക്കേരി നായ്ക്കന്‍മാര്‍ പ്രബല രാഷ്ട്രീയ ശക്തികളായി മാറി. അവര്‍ തുടര്‍ച്ചയായി നീലേശ്വരം ആക്രമിച്ചപ്പോള്‍ ഇക്കേരി ഭരണാധികാരി ശിവപ്പനായ്ക്കിന് കപ്പം കൊടുക്കുവാന്‍ നീലേശ്വരം രാജാവ് നിര്‍ബന്ധിതനാവുകയും ചെയ്തു. ശിവപ്പനായ്ക്കിനുശേഷം അധികാരമേറ്റെടുത്ത സോമശേഖര നായ്ക്ക് 1735-ഓടെ നീലേശ്വരം പൂര്‍ണ്ണമായും കീഴടക്കി. ഐതിഹാസികമായ ഈ വിജയത്തിന്റെ സ്മരണയ്ക്കായി ഇക്കേരി രാജാവ് ഒരു വിജയസ്തംഭം സ്ഥാപിക്കുകയും ചെയ്തു. മൈസൂര്‍ പ്രദേശത്ത് ഹൈദരാലിയുടെ രാഷ്ട്രീയാധിപത്യത്തോടെ നീലേശ്വരം പ്രദേശം മൈസൂര്‍ സുല്‍ത്താനായ ഹൈദരാലിയുടേയും പിന്നീട് ടിപ്പു സുല്‍ത്താന്റെയും അധീനതയിലായി. ശ്രീരംഗപട്ടണഉടമ്പടി പ്രകാരം കവ്വായിപ്പുഴ വരെയുള്ള മലബാര്‍ പ്രദേശം ടിപ്പു സുല്‍ത്താന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് 1792-ല്‍ വിട്ടുകൊടുത്തുവെങ്കിലും 1799-ല്‍ ടിപ്പു സുല്‍ത്താന്റെ വീരമൃത്യുവിനുശേഷം മാത്രമേ നീലേശ്വരവും മറ്റു പ്രദേശങ്ങളും ഇംഗ്ലീഷുകാരുടെ അധീനതയില്‍ വന്നു ചേര്‍ന്നുള്ളു.  ഇവിടത്തെ ക്ഷേത്രങ്ങളില്‍ ക്ഷേത്രപാലന്‍, വൈരജാതന്‍, മന്ദംപുറത്ത് ഭഗവതി, ആര്യക്കര ഭഗവതി, മുച്ചിലോട്ട് ഭഗവതി, മൂവാളംകുഴി ചാമുണ്ഡി, കേണമംഗലത്ത് ഭഗവതി, പാലോട്ട് ദൈവം, വിഷ്ണുമൂര്‍ത്തി, പുതിയ ഭഗവതി, പുലിയുര്‍ കണ്ണന്‍, പുലിയുര്‍ കാളി, ചാമുണ്ഡി, രക്ത ചാമുണ്ഡി, പൊട്ടന്‍ ദൈവം, ഗുളികന്‍, കാലിച്ചാന്‍ തെയ്യം, മുത്തപ്പന്‍, തിരുവപ്പന, പാലന്തായി കണ്ണന്‍ തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടാറുണ്ട്. നീലേശ്വരം പള്ളിക്കരയിലെ ജന്മിയായിരുന്ന കുറുവാടന്‍ നായനാരുടെ കാലിച്ചെറുക്കനായ ഈഴവനായ കണ്ണന്‍ തെയ്യക്കോലമായി മാറിയ കഥ ഈ പ്രദേശത്തെ ഈഴവരുടെ സാമൂഹ്യചരിത്രവുമായി അഭേദ്യമായി കെട്ടു പിണഞ്ഞു കിടക്കുന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു പ്രവര്‍ത്തന കേന്ദ്രം കൂടിയായിരുന്നു നീലേശ്വരം. 1927 ഒക്ടോബര്‍ 28-ന് മംഗലാപുരത്തേക്കുള്ള യാത്രാമദ്ധ്യേ മഹാത്മാഗാന്ധിക്ക് നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ രാജാസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഊഷ്മളമായ സ്വീകരണം നല്‍കിയിരുന്നു. അതിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് മഹാത്മജി തീവണ്ടിയില്‍ വെച്ച് സ്വന്തം കൈപ്പടയില്‍ എഴുതി കൈമാറിയ ആശംസ നീലേശ്വരത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുവര്‍ണ്ണരേഖയാണ്. വിത്തിട്ടവര്‍ വിളയെടുക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയ കര്‍ഷകസംഘം പാലായി എന്ന സ്ഥലത്ത് നടത്തിയ കര്‍ഷക സമരമായിരുന്നു പാലായി വിളവെടുപ്പ് സമരം (1940). ഈ കര്‍ഷക പ്രക്ഷോഭം തന്നെയാണ് കയ്യൂര്‍ കര്‍ഷകസമരത്തിന് വഴി തെളിച്ചത്. 1949 ഏപ്രിലില്‍ നീലേശ്വരത്ത് നടന്ന ഇരുപതാമത് സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനം ഈ പ്രദേശത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. സമ്മേളന നഗരിയെ നോക്കി നീലേശ്വരത്തെ ധവളേശ്വരം എന്ന് കവികള്‍ വിശേഷിപ്പിക്കുകയുണ്ടായി. 1980-ല്‍ നീലേശ്വരത്ത് നടന്ന മഹാകവി കുട്ടമത്ത് ജന്മശതാബ്ദി ആഘോഷപരിപാടികളും 1970-ല്‍ നടന്ന വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടവും, 1990-ല്‍ നടന്ന പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടവും എല്ലാം നീലേശ്വരത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിലെ നാഴികക്കല്ലുകളായി നിലനില്‍ക്കുന്നു. 1957-ല്‍ ലോകത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റുപേപ്പറിലൂടെ അധികാരത്തിലേറിയപ്പോള്‍ അതിന്റെ അമരക്കാരനായിരുന്ന ഇ.എം.എസിനെ തെരഞ്ഞെടുത്തയച്ച നിയോജക മണ്ഡലം (നീലേശ്വരം ദ്വയാംഗമണ്ഡലം) എന്ന നിലയില്‍ നീലേശ്വരം അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ചിട്ടുണ്ട്.