English| മലയാളം

പ്രവാസി സഭ -2021 വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് പ്രവാസികൾ

  നീലേശ്വരം നഗരസഭ സംഘടിപ്പിച്ച പ്രവാസി സഭ -2021 ശ്രദ്ധേയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്ന നിരവധി നീലേശ്വരം സ്വദേശികൾ ഓൺ ലൈൻ സംവിധാനത്തിലും നാട്ടിലുള്ള പ്രവാസികൾ നേരിട്ടും സഭയിൽ പങ്കെടുത്തു.

നീലേശ്വരത്തിന്റെ മുഖഛായ മാറ്റാൻ ഉതകുന്ന പദ്ധതികളായ രാജാ റോഡ് വികസനം, രാജാറോഡ് ബസ് സ്റ്റാൻറ് , ഓഫീസ് കോംപ്ലക്സ് എന്നിവ എത്രയും പെട്ടെന്ന് പൂർത്തികരിക്കാനുള്ള നിർദ്ദേശങ്ങൾ ഉയർന്ന് വന്നു.
പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കുവാൻ നഗരസഭ ഓഫീസിൽ പ്രവാസി സെൽ ,നഗരസഭ നിർമ്മിക്കുന്ന ബസ് സ്റ്റാന്റ് ബിൽഡിങ്ങ് കോംപ്ലക്സിൽ പ്രത്യേക മുറി,പ്രവാസി വിശ്രമ കേന്ദ്രം ,തിരിച്ച് വന്ന പ്രവാസികൾക്ക് സംരംഭ ധനസഹായം തുടങ്ങി നിരവധി ആവശ്യങ്ങൾ പ്രവാസിസഭയിൽ ഉയർന്ന് വന്നു.
നീലേശ്വരം നഗരസഭയുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാനും അഴിത്തല ടൂറിസം പദ്ധതി ,പുഴയോര നടപ്പാത എന്നിവയ്ക്ക് ഫണ്ട് അനുവദിക്കുവാൻ ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തുവാനും തീരുമാനിച്ചു.
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന പ്രവാസി ക്ഷേമ പദ്ധതികൾക്ക് പണം അനുവദിക്കാനും പ്രവാസി സഭയിൽ ധാരണയായി.
നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ,കൗൺസിലർമാർ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥൻമാർ എന്നിവർ സംസാരിച്ചു.വികസന കാര്യസമിതി അധ്യക്ഷ വി.ഗൗരി സ്വാഗതവും കൗൺസിലർ കെ.മോഹനൻ നന്ദിയും പറഞ്ഞു.