English| മലയാളം

നീലേശ്വരം നഗരസഭയടക്കം 30 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഹരിത ഓഫീസ് ആയി പ്രഖ്യാപിച്ചു

 സംസ്ഥാനത്ത് പതിനായിരത്തിലധികം ഓഫീസുകള്‍ റിപ്പബ്ലിക് ദിനത്തില്‍ ഹരിത ഓഫീസുകളായി ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുന്ന ചടങ്ങ് മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ സമയം ഓണ്‍ലൈന്‍ വഴി നടന്നു.  ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നീ സ്ഥാപന പ്രതിനിധികള്‍ അടങ്ങിയ ഓഡിറ്റ് ടീം ആണ് സര്‍ക്കാര്‍ ഓഫീസുകള്‍ പരിശോധിച്ച് ഗ്രേഡ് നിശ്ചയിച്ചത്.  കാസര്‍കോട് കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വെച്ച് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനില്‍ നിന്നും നീലേശ്വരം നഗരസഭയ്ക്കുവേണ്ടി എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് കൗണ്‍സിലര്‍മാരായ എം. ഭരതന്‍, കെ. പ്രീത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. നാരായണി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

നീലേശ്വരം നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ഹരിത ഓഫീസ് പ്രഖ്യാപനവും ഹരിതകര്‍മ്മസേനക്ക് ക്ലീന്‍ കേരള കമ്പനിയുടെ ഫണ്ട് കൈമാറുന്ന ചടങ്ങും നഗരസഭ അനക്സ് ഹാളില്‍ നടന്നു. നഗരസഭാ പരിധിയിലെ 34 സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് നടന്നതില്‍ 30 ഓഫീസുകള്‍ക്ക് ഗ്രേഡ് ലഭിച്ചു.  അതില്‍ നീലേശ്വരം താലൂക്ക് ആശുപത്രി, നീലേശ്വരം മൃഗാശുപത്രി, തൈക്കടപ്പുറം പി.എച്ച്.സി.  എന്നിവയ്ക്ക് څഎچ ഗ്രേഡ് ലഭിച്ചു.  മറ്റ് 5 ഓഫീസുകള്‍ക്ക് ബി. ഗ്രേഡും, 22 ഓഫീസുകള്‍ക്ക് സി. ഗ്രേഡും ലഭിച്ചു.
നീലേശ്വരം നഗരസഭയില്‍ ഹരിത ഓഫീസുകളുടെ പ്രഖ്യാപനം നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി. ടി.വി. ശാന്ത നിര്‍വ്വഹിച്ചു.  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ശേഖരിച്ച് ബെയില്‍ ചെയ്ത് സംസ്കരണത്തിനായി നല്‍കിയതിന് നീലേശ്വരം നഗരസഭയുടെ ഹരിത കര്‍മ്മസേനക്ക് ക്ലീന്‍ കേരള കമ്പനി നല്‍കിയ 82,422/-രൂപയുടെ ചെക്ക് നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറി.  ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.പി. ലത അദ്ധ്യക്ഷത വഹിച്ചു.  സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി. സുഭാഷ്, കെ.പി. രവീന്ദ്രന്‍, വി. ഗൗരി, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ കെ. പ്രീത, ഇ. ഷജീര്‍, പി. ഭാര്‍ഗ്ഗവി, ഷംസുദ്ദീന്‍ അറിഞ്ചിറ, റഫീഖ് കോട്ടപ്പുറം, ശുചിത്വ മിഷന്‍ റിസോര്‍സ് പേഴ്സണ്‍ ഭാഗീരഥി, കുടുംബശ്രീ മെന്‍റര്‍ വത്സരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി സി.കെ. ശിവജി സ്വാഗതവും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.വി. രാജീവന്‍ നന്ദിയും പറഞ്ഞു.