2010 നവംബര്‍ 1 ന് നീലേശ്വരം നഗരസഭ നിലവില്‍ വന്നു. അതുവരെ കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തായിരുന്നു ഇന്നത്തെ നീലേശ്വരം നഗരസഭ പ്രദേശം. 26.23 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള നഗരസഭയുടെ അതിരുകള്‍ വടക്ക് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും, മടിക്കൈ ഗ്രാമപഞ്ചായത്തും, തെക്ക് ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തുകളും, കിഴക്ക് കിനാനൂര്‍ കരിന്തളം, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് അറബിക്കടലുമാണ്. മതമൈത്രിയും, സര്‍വ്വമത സൌഹാര്‍ദ്ദവും നീലേശ്വരത്തിന്റെ സാംസ്ക്കാരിക പൈതൃകത്തിന്റെ അടിസ്ഥാന ധാരകളാണ് എന്നതിന്റെ തെളിവാണ് ഇവിടുത്തെ ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍. തെയ്യങ്ങളുടെ നാടുകൂടിയായ നീലേശ്വരം ഉത്തര കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായാണ് അംഗീകരിക്കപ്പെടുന്നത്. കാസര്‍ഗോഡ് ജില്ലയിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമാണ് നീലേശ്വരം. ഉജ്ജ്വലമായ സാംസ്കാരിക പൈതൃകത്താല്‍ അനുഗ്രഹീതമായ ഈ ചെറുപട്ടണം വൈവിധ്യമാര്‍ന്ന സാംസ്ക്കാരികത്തനിമകളുടെ സംഗമബിന്ദു കൂടിയാണ്. വിവിധ ജാതിമതസ്ഥരായ ആളുകള്‍ ഇടതിങ്ങിപാര്‍ക്കുന്ന നീലേശ്വരം ക്ഷേത്രങ്ങളുടെയും, പള്ളികളുടെയും നാടാണ്. തെയ്യം, പൂരക്കളി തുടങ്ങിയ അനുഷ്ഠാനകലകളുടെയും, സംഗീതം, ചിത്രമെഴുത്ത്, നാടകം എന്നിവയുടെയും കേളീരംഗമാണ് നീലേശ്വരം. നീലേശ്വരം രാജവംശത്തിന്റെ ആവിര്ഭാവത്തോട് കൂടിതന്നെ തനിമയാര്‍ന്ന ഒരു സംസ്കാരം ഈ പ്രദേശത്ത് രൂപപ്പെട്ടുവന്നു. രാജഭരണത്തിനുകീഴില്‍ ഓരോ ജാതിയില്‍പ്പെട്ട ആളുകള്‍ക്കും പ്രത്യേകം കോളനികള്‍ രൂപപ്പെട്ടു വന്നിരുന്നു. ഈ ആവാസ രീതിയില്‍ ഏറെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇന്നും നീലേശ്വരത്ത് ഓരോ വിഭാഗത്തില്‍പ്പെട്ട ആളുകളും പ്രത്യേകം കോളനികളായി താമസിച്ചു വരുന്നു. വിദ്യാഭ്യാസരംഗത്തും, സാംസ്കാരികരംഗത്തും വലിയൊരു കുതിച്ചു ചാട്ടത്തിന് സഹായകമായിക്കൊണ്ട് 1918-ല്‍ തന്നെ നീലേശ്വരം രാജാവ് സ്ഥാപിച്ച രാജാസ് ഹൈസ്കൂള്‍ നീലേശ്വരത്തെ കലാസാംസ്കാരിക കായിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാണ്. ശ്രീമന്ദംപുറത്ത് ഭഗവതീക്ഷേത്രവും, തളിയില്‍ ശ്രീനീലകണ്ഠേശ്വരക്ഷേത്രവും തലയുയര്‍ത്തി നില്ക്കുന്ന നീലേശ്വരം, ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും നാടാണ്. നീലേശ്വരം രാജവംശത്തിന്റെ ഉല്പ്പത്തിയെകുറിച്ചും, ശ്രീമന്ദംപുറത്ത് ഭഗവതീക്ഷേത്രം, തളിയില്‍ ശ്രീനീലകണ്ഠേശ്വര ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ ഉല്പത്തിയെകുറിച്ചും നീലേശ്വരത്തെ എല്ലാ ക്ഷേത്രങ്ങളുടെയും ഉല്‍പ്പത്തിയെ കുറിച്ചും വ്യക്തമായ ഐതിഹ്യങ്ങളും ചരിത്രവും നിലവിലുണ്ട്. നീലേശ്വരത്തെ എല്ലാ ജാതിയില്‍പ്പെട്ട ജനങ്ങളുടെയും ആരാധനാകേന്ദ്രമാണ് ശ്രീമന്ദന് പുറത്ത് കാവ് ഭഗവതീക്ഷേത്രവും, തളിയില്‍ ശ്രീനീലകണ്ഠേശ്വരം ക്ഷേത്രവും. മന്ദംപുറത്തു കാവിലെ കലശോത്സവവും തളിയില്‍ നീലകണ്ഠേശ്വര ക്ഷേത്രത്തിലെ ഉത്സവവും നീലേശ്വരത്തെയും പരിസര പ്രദേശത്തെയും പ്രധാന ഉത്സവങ്ങളാണ്.